സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766ലെ മുത്തങ്ങ മുതൽ കേരള-കർണാടക അതിർത്തി ചെക്ക്പോസ്റ്റ് വരെയുള്ള ഭാഗത്തെ വലിയ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.
കഴിഞ്ഞ വർഷത്തെ ശക്തമായ മഴയെത്തുടർന്ന് റോഡിന്റെ പല ഭാഗങ്ങളിലും ടാർ ഇളകിപ്പോയതും ഉപരിതലം തകർന്നതുമാണ് വൻകുഴികൾ രൂപപ്പെടാൻ കാരണം.വഴി പരിചയമില്ലാത്ത വാഹനയാത്രക്കാരാണ് അപകടസാധ്യത നേരിടുന്നത്. രാത്രികാലങ്ങളിൽ കുഴികളിൽവീണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതായി യാത്രക്കാർ പറയുന്നു.
അതിർത്തി കടക്കാനുള്ള തിരക്കിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പലപ്പോഴും കുഴികളിൽ പതിക്കുന്നത് അപകടഭീഷണി വർധിപ്പിക്കുന്നുണ്ട്. കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയായതിനാൽ ഗതാഗതം രൂക്ഷമാണ്. റോഡിന്റെ ഉപരിതലം തകർന്നതോടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു.
കർണാടകയിലെ ഭാഗങ്ങളിൽ കഴിഞ്ഞ വേനൽക്കാലത്ത് റോഡ് പുതുക്കിപ്പണിതിരുന്നെങ്കിലും കേരള അതിർത്തിക്കുള്ളിലെ ഭാഗങ്ങളിൽ സമഗ്രമായ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. മഴക്കാലം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നിലവിലെ കുഴികൾ കൂടുതൽ വലുതാകാനും അപകടസാധ്യത വർധിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ കുഴികൾ അടിയന്തരമായി നികത്തി റോഡ് പുനരുദ്ധരിക്കണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.